അടിമാലി: വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ അത്യാധുനിക എഐ ലാബിന്റെ ഉദ്ഘാടനം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
കാര്‍മല്‍ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ബിജു കൂട്ടപ്ലാക്കല്‍ ലാബിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. അജയ് സാഗര്‍, തൊടുപുഴ ഉപാസന ഡയറക്ടര്‍ ഫാ. ജോണ്സണ് പാലപ്പള്ളി, സ്കൂള്‍ മാനേജര്‍ ഫാ. കുര്യന് പുത്തന്‍പുരയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സോബിന്‍ കിഴക്കയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജിയോ ജോസ്, ഫാ. സണ്ണി മുണ്ടുനടയില്‍, പിടിഎ പ്രസിഡന്റ് വര്‍ഗീസ് പീറ്റര്‍, വൈസ് പ്രസിഡന്റ് വിഷ്ണുപ്രിയ, സ്റ്റാഫ് സെക്രട്ടറി ബിന്ദു രാഘവന്, ദേവിതീര്‍ത്ഥ ജയേഷ്, ഡിയോണ ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, കോഡിംഗ് തുടങ്ങി ആധുനിക സാങ്കേതികവദ്യകളില് പരിശീലനം നല്‍കുന്നതിനായി മികച്ച സംവിധാനങ്ങളോടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളിലെ നൈപുണികള്‍ വളര്‍ത്തിയെടുക്കുന്നതിനും ഗവേഷണ മനോഭാവം വികസിപ്പിക്കുന്നതിനും എഐ ലാബ് അവസരം ഒരുക്കും. നാലാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് ലാബില്‍ പരിശീലനം നല്‍കുന്നത്. വിദ്യാര്‍ഥികളില്‍ സാങ്കേതിക പരിശീലനത്തിനൊപ്പം തങ്ങളുടെ അഭിരുചിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ലാബ് ജില്ലയിലെ ആദ്യത്തെ അത്യാധുനിക ഐഐ ലാബാണ്.